തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയെ' എന്ന പാരഡി പാട്ടിൽ കേസെടുത്ത പോലീസ് പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും. പാട്ട് പ്രചാരണം നൽകുന്ന സൈറ്റുകളിൽനിന്നു പാട്ട് നീക്കം ചെയ്യും. ഇന്ന് ചേരുന്ന സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചയാകും.
ശരണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പാട്ടുണ്ടാക്കിയതിനാണ് തിരുവനന്തപുരം സൈബർ പോലീസ് ഇന്നലെ കേസെടുത്തത്. തിരുവാഭരണപാതാ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസ്. നിയമോപദേശം തേടിയെടുത്ത കേസിൽ പ്രതിപ്പട്ടികയിൽ നാല് പേരുകരാണുള്ളത്.
ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, പാട്ട് പാടിയ ഡാനിഷ്, നിർമാതാവ് സുബൈർ പന്തല്ലൂർ, ഇവരുടെ സിഎംഎസ് മീഡിയ എന്നിവർ. മതസ്പർധയുണ്ടാക്കിയതിനും വിശ്വാസം വ്രണപ്പെടുത്തിയതിനും ഉള്ള വകുപ്പുകൾ ചേർത്തതാണ് കേസെടുത്തിരിക്കുന്നത്. സൈബർ പോലീസ് എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. പാട്ട് പെരുമാറ്റച്ചട്ടലംഘനമെന്ന് ആരോപിച്ച് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.